നിദ്ര
ഉറക്കത്തിന്റെ അൽഗോരിതം ആകെ മാറിയിരിക്കുന്നു. രാത്രിയുടെ എത്ര യാമങ്ങളാണ് ഉറക്കവും പ്രതീക്ഷിച്ചിരുന്നത്. ഉറക്കമില്ലത്ത രാത്രികൾ താണ്ടാൻ ഏറെ ക്ലേശകരമാണ്. ആദ്യമാദ്യം വിരസമായിരുന്നു, പിന്നീടത് രാത്രിയോടുള്ള പ്രണയമായി മാറി. വേലിപ്പടർപ്പിൽ വിരിയുന്ന മുല്ലപ്പൂക്കളുടെ മണമുള്ള രാത്രികളിൽ ഞാനൊരു കവിയായി. അങ്ങനെ നിഴലും നിലാവും നിയതിയുമെല്ലാമെന്റെ കാവ്യ വിഷയങ്ങളായി. അങ്ങനെ ഞാൻ നിശയെ പ്രണയിച്ചു തുടങ്ങി. രാത്രിയുടെ ഇരുട്ടിൽ ഞാൻ എന്റെ അന്തർമുഖത്വം വെടിഞ്ഞ് ജനാലയിലൂടെ നിലാവെളിച്ചത്തിൽ ലോകത്തെ നോക്കിക്കണ്ടു. നിശാപുഷ്പങ്ങൾ എന്റെ പ്രിയപ്പെട്ടവയായി മാറി. വിലയിരുത്തലുകളില്ലാത്ത ആ ലോകം പതിയെ പതിയെ എന്നെ വാചലനാക്കി. അങ്ങനെ രാവേറച്ചെല്ലുമ്പോൾ നിശയുടെ സങ്കീർത്തനം കേട്ടുകൊണ്ട് ഞാനുറങ്ങും. ശബ്ദമുഖരിതമായ പ്രഭാതത്തിൽ എന്റെ നിശബ്ദത അലിഞ്ഞു പോയി. പിന്നെയൊരു കാത്തിരിപ്പാണ് നിശയ്ക്കു വേണ്ടി, നിദ്രയ്ക്കു വേണ്ടി. ഓരോ ദിവസവും ആരംഭിക്കുന്നത് കഴിഞ്ഞ ദിവസം നാം എവിടെ നിർത്തിയോ അവിടെ നിന്നാണ് എന്നാൽ നിദ്ര അങ്ങനെയല്ല. അവയോരോന്നും പുതുമയുള്ളതാണ്. ഓരോരുത്തരെയും പുതുക്കുന്ന ഒന്ന്.
Comments
Post a Comment