Posts

Showing posts from February, 2023

നിശബ്ദത

ചിലപ്പോൾ നിശബ്ദത ഒരു മരമാകാറുണ്ട്. ധാരാളം ചില്ലകളുള്ള, വേരുകൾ ആഴത്തിലൂന്നിയ നിസ്സംഗതയുടെ ഒരു മഹാവൃക്ഷം ചിലപ്പോൾ നിശബ്ദത ഒരു പുഴയാകാറുണ്ട്. പതിഞ്ഞെഴുകുന്ന ശാന്തിയുടെ തെളിനീരൊഴുക്കുന്ന നദി ചിലപ്പോൾ നിശബ്ദത നിശയാകാറുണ്ട്. എല്ലാം മറച്ചു പിടിക്കുക്കുന്ന, ഒന്നിനെയും വ്യക്തമാക്കാത്ത, സഹനത്തിലും പൊഴിക്കുന്ന ചിരിപോലെ ഒന്ന് ചിലപ്പോൾ നിശബ്ദത ഒരു ഭാഷയാവാറുണ്ട്.  ചിലർക്കു മാത്രം ചിരപരിചിതമായ ഒരു ഭാഷ ചിലപ്പോൾ നിശബ്ദത മരണമാകാറുണ്ട്. ആർക്കും പിടിതരാത്ത മൂകമായ ശൂന്യത പോലെ

ചരിത്രം

അങ്ങനെയിരിക്കെ ഒരു ദിവസം ചരിത്രം ഇടിഞ്ഞു വീണു അടിത്തറയ്ക്ക് ബലമില്ലാത്തതുകൊണ്ടാണെന്ന് ചിലർ കെട്ടിപ്പടുത്ത പലരേയും ഒഴിവാക്കിയതിൻ്റെ ശാപംകൊണ്ടാണെന്ന് മറ്റു ചിലർ വീണ്ടും പടത്തുയർത്തണമെന്ന് യഥാസ്ഥിതികർ ചരിത്രം അനാവശ്യവും ബാധ്യതയുമാണെന്ന് ചില പുരോഗമന വാദികൾ രാജ്യതാല്പര്യത്തിനനുസരിച്ച് മാറ്റിപ്പണിയണമെന്ന് ദേശിയതാ വാദികൾ നീതിബോധമില്ലാത്തതും പക്ഷപാതപരവുമാണെന്ന് വിപ്ലവകാരികൾ മാറ്റമില്ലാതെ പടുത്തുയർത്തണമെന്ന് ചരിത്രകാരൻമാർ തങ്ങളുടെ ആളുകൾക്ക് കൂടുതൽ ഇടം നൽകണമെന്ന് സമുദായ നേതാക്കൾ മികവുറ്റ രീതിയിൽ പണിതു തരാമെന്ന് ബഹുരാഷ്ട്ര കമ്പനികൾ പുതിയ ചരിത്രം തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണപക്ഷം ചരിത്രം മാപ്പു നൽകില്ലെന്നു പ്രതിപക്ഷം അങ്ങനെ പോയി വാദങ്ങളും പ്രതിവാദങ്ങളും അപ്പോഴും ചരിത്രമവിടെക്കിടക്കുകയായിരുന്നു ചിതലരിച്ചുകൊണ്ട്