ശരണാഗതി

നിള
ഉഷ്ണകാലങ്ങളിൽ നീ ഗംഗയെ തപംചെയ്യുന്നു,
അവശേഷിച്ച ജലകണങ്ങളെ ആത്‌മാഹുതി നല്കിക്കൊണ്ട്. വരും വർഷകാലങ്ങളിൽ പരകായം ചെയ്ത് അലതല്ലിയൊഴുകാൻ, അവശേഷിപ്പുകളെയെല്ലാം മോക്ഷ പ്രാപ്ത്തിയിലെത്തിക്കാൻ. ഒടുവിൽ ഉത്തരായനത്തിൽ നേർത്ത്, ഉറവ വറ്റി വീണ്ടും ഗംഗയെ ശരണം പ്രാപിക്കുന്നു. മോക്ഷത്തിനായി നിന്നെ തപംചെയ്യുന്ന പോലെ.


നനവ്
രാത്രിയെപ്പോഴോ മഴ പെയ്തിരിക്കണം, മുറ്റത്തെല്ലാം നനവ് പടർന്നിരിക്കുന്നു. തലയിണയിലെപ്പോലെ. ജലകണങ്ങൾക്ക് ഓർമ്മകൾ ഉണ്ടെന്ന് പണ്ടേതോ കഥയിൽ വായിച്ചിട്ടുണ്ട്. ജന്മാന്തരങ്ങളിൽ അവ പല വഴിയേ ഒഴുകുന്നുണ്ടത്രേ! മഴയായി, പുഴയായി, കണ്ണുനീരായി. അങ്ങനെ എത്രയെത്ര വേഷപ്പകർച്ചകൾ! 


വേനൽ
പ്രത്യാശയുടെ തീർത്ഥം ഈ തരിശുഭൂവിൽ ഇനിയും തളിക്കരുത്. പടരുവാൻ വെമ്പി മുളപൊട്ടിയതെല്ലാം ഈ ഊഷരഭൂവിൽ മൃതിയടഞ്ഞുപോയി. ഋതുക്കളോട് പ്രതികരിക്കാത്ത, ഉർവരതയുടെ കനിവ് കിട്ടാത്ത വേനൽ മാത്രമാണിവിടം.


ശരണാഗതി
ഇനി നീ നിൻ മിഴിയിണകളിലെ മൺചെരാത് തെളിക്കൂ.
ഇനിയും മന്ദസ്മിതം പൊഴിക്കൂ.
ഓർക്കപ്പെടാതിരിക്കാനാണെനിക്കേറ്റമിഷ്ടം.
ഓർക്കാപ്പുറത്തു പോലും.
ഒരു വേള മൃതിതൻ മാർദ്ദവത്തിൽ ഞാനാ മഗ്നനയാൽ,
മറവിതൻ മാനത്തു നീ ശരണാഗതി തേടൂ…


ചിന്തയുടെ ഏടുകൾ
അലച്ചിലായിരുന്നു… 
ഒരു ധനുർധാരിയുടെ ലക്ഷ്യം തേടിയുള്ള യാത്ര. ആവനാഴിലെ അവസാന അമ്പും തെറ്റായ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോഴാണ് യഥാർത്ഥ ലക്ഷ്യം മുന്നിൽ വന്നത്. നിരായുധനായി അടർക്കളത്തിൽ ഏകനായി. കർണ്ണനെയാണ് ഓർമ്മ വന്നത്. 'ഈ പ്രതിയോഗികൾ നിനക്കുള്ളതല്ല… ഈ അടർക്കളവും '. അതായിരുന്നു തന്നെ മുറിപ്പെടുത്തിയ, ഇപ്പോഴും മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആയുധവും.

Comments

Popular posts from this blog

The Angel Who Fell In Love With A Demon

ഓർമ്മഭ്രഷ്ട്