ചില്ലക്ഷരങ്ങൾ
കാലം
എത്ര തടം കെട്ടിയാലും
തളം കെട്ടി നിൽക്കാത്ത ഒഴുക്ക്
പുഴ
എത്ര ഉയരങ്ങളിൽ നിന്നു വീണാലും
പുഴ ഒഴുകിക്കൊണ്ടേയിരിക്കും
ഓർമ്മ
മറവിയുടെ വരിയിൽ
അവസാനം നിൽക്കുന്നവർ
ചിന്ത
എത്ര ചിന്തിച്ചാലും തീരാത്ത,
എത്ര അകറ്റി നിർത്തിയാലും അകലാത്ത ഒന്ന്
തീരം
തീരത്തു നിന്നു കേറിയാലും
തീരം തന്നെ മനസ്സിൽ
നാനാർത്ഥം
പറയുന്നതിൽനിന്നും
കേൾക്കുന്നതിലേക്കുള്ള ദൂരം
വഴി
നിന്നിലേക്കുള്ള ഏറ്റവും തെറ്റായിരുന്ന
വഴിയിലായിരുന്നു ഞാൻ
ആ വഴി ചെന്നെത്തിയതാകട്ടെ എന്നിലും
അപരിചിതർ
വർഷങ്ങൾ നമ്മെക്കടന്നെത്ര പോയിരിക്കുന്നു
ഋതുക്കൾ എത്ര മാറി വന്നിരിക്കുന്നു
ഭാവങ്ങളെത്ര നാം എടുത്തണിഞ്ഞിരിക്കുന്നു
ഗൃഹാതുരതയെ നാം എത്ര സമ്പന്നമാക്കിയിരിക്കുന്നു
എന്നിട്ടും നാമെങ്ങനെ അപരിചിതരായി
ചിരപരിചിതരായ അപരിചിതർ...
❤️
ReplyDelete