ഇറവെള്ളം

ഗൃഹാതുരത

നീയല്ലേ പറഞ്ഞത്

പുതുമഴയെക്കുറിച്ചുള്ള ഓർമ്മകൾക്ക് പുതുമഴയേക്കാൾ കുളിരുണ്ടെന്ന്!

പുതുമണ്ണിൻ്റെ ഗന്ധത്തിന് നിർജീവമായ ഗൃഹാതുരതയ്ക്ക് ചിറകുകൾ നൽകാൻ കഴിയുമെന്ന്!

ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിലും ഒരായിരം മരപ്പെയ്ത്തുകളാണ് മനസ്സു നിറയെ…

വസന്തത്തിൻ്റെയല്ല ഈറനണിഞ്ഞ ഇടവപ്പാതിയുടെ

ഞാനിനിയീ കടലാസു തോണികൾ ഉണ്ടാക്കട്ടെ

പിന്നെയീ കാത്തിരിപ്പ്

പുതുമഴയ്ക്കും വരിവെള്ളത്തിനും വേണ്ടി…

അന്നു നിനക്കായി സമ്മാനിക്കുക ഗ്രീഷ്മാവധി കഴിഞ്ഞു മടങ്ങിപ്പോകാൻ നിൽക്കുന്ന അവസാനത്തെ കണിക്കൊന്നയായിരിക്കും...



യാത്ര

ഇനിയൊരു യാത്ര പോകണം

ആരോടും പറയാതെ,

ഇടവപ്പാതി പെയ്തൊഴിഞ്ഞ ഇടവഴികളിലൂടെ 

പുലരിപ്പൂക്കളെയും തേടി,

ഗ്രീഷ്മം വരച്ചുവെച്ച മൃഗതൃഷ്ണകൾ തേടി,

വസന്തത്തിൻ്റെ വർണ്ണങ്ങളെത്തേടി,

ഒടുവിൽ എല്ലാ യാത്രകളും അവസാനിക്കുന്ന ഇടം തേടി,

അന്നു നീയറിയുക

എൻ്റെ മൗനങ്ങളിൽ കൊരുത്തുവെച്ച വാക്കുകൾക്ക്

ഒരു അക്ഷര പ്രപഞ്ചം തീർക്കാൻ കഴിയുമായിരുന്നെന്ന്...



ജന്മാന്തരങ്ങളിൽ നീയും ഞാനും

ഞാൻ ഇലയായിരുന്നു നീ ശരത്‌കാലവും

പിന്നെ ഞാൻ വേഴാമ്പലായി നീ ഗ്രീഷ്മവും

നീ നിലാവായപ്പോൾ ഞാൻ സൂര്യകാന്തിയും

ഒടുവിൽ ഞാൻ നിഴലായപ്പോൾ നീ വെളിച്ചവും

ജന്മാന്തരങ്ങളിൽ നീ നീതന്നെയാവുകയായിരുന്നു

ഞാൻ ഞാനല്ലതാവുകയും



ഇടവപ്പാതി

"മഴയെ ഇഷ്ടപ്പെടുന്ന നീ മഴ ഏറ്റവും കൂടുതൽ പെയ്യുന്ന ലോകത്തിൻ്റെ ഈ ഒരറ്റത്തു വന്നിട്ടും സന്തോഷിക്കാത്തതെന്തേ?"


"ഞാൻ ഇഷ്ടപ്പെട്ടത് മഴയെയായിരുന്നില്ല. ഇടവപ്പാതിയെയായിരുന്നു."


"ഗൃഹാതുരതയുടെ കഠാരയാണ് നീ എൻ്റെ ഹൃദയത്തിൽ കുത്തിയിറക്കിയത്. ഇപ്പോൾ എനിക്ക് വേദനിക്കുന്നു"



പറയാൻ ബാക്കി വച്ചത്

മഴ ഒഴുകുകയായിരുന്നു...

ഇറവെള്ളമായി, വരിവെള്ളമായി, പുഴയായി, കടലായി, നീരാവിയായി...

നനയാൻ ഞാനൊരു മഴ ബാക്കി വെച്ചിട്ടുണ്ട് ആ ഒഴുക്കിലലിയാൻ… 

ഞാനും പിന്നെ ഞാൻ പറയാൻ ബാക്കി വച്ചതും...



നിള

നിള ഒഴുകുകയാണ് ആദ്യം മുന്നോട്ട്

പിന്നെ ഓർമ്മകളിലൂടെ പിന്നോട്ട്

അങ്ങനെ മുന്നോട്ടും പിന്നോട്ടും…

ആ പിന്നോട്ടുള്ള ഒഴുക്ക് ഓർമ്മകൾ ശേഖരിക്കത്ത ഇടത്ത് വെച്ച് മാഞ്ഞു പോകുന്നു 

പിന്നെ മുന്നോട്ട് ഉള്ള ഒഴുക്കായി

Comments

Post a Comment

Popular posts from this blog

ചെമ്പകപ്പൂവ്

അന്യോന്യം